ആസിയന്‍ കരാറിന് അനുകൂലമായും പ്രതികൂലമായും ഉന്നയിക്കപ്പെടുന്ന വാദങ്ങളുടെ നിജസ്ഥിതിയെന്താണ്?
1. പാമോയില്‍, കുരുമുളക്, കാപ്പി, തേയില എന്നിവ പ്രത്യേക ഉല്‍പ്പന്ന പട്ടികയിലാണ്. അതുകൊണ്ട് ആശങ്കപ്പെടാനില്ല.
ഈ നാല് ഉല്‍പ്പന്നത്തിന്റെയും തീരുവ അടിസ്ഥാനവര്‍ഷത്തെ (2007) നിരക്കില്‍ നിലനിര്‍ത്തുമെന്നല്ല കരാര്‍ വ്യവസ്ഥ. അസംസ്കൃത പാമോയിലിന്റെ തീരുവ 80 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം നാല് ശതമാനം വീതം കുറച്ച് 2019ല്‍ 37.5 ശതമാനമാക്കും. ശുദ്ധീകരിച്ച പാമോയിലിന്റേത് 90 ശതമാനത്തില്‍നിന്ന് നാല് ശതമാനംവീതം ഇളവുചെയ്ത് 2019ല്‍ 45 ശതമാനമാക്കും. കാപ്പിയുടെ തീരുവ 100 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം അഞ്ച് ശതമാനം വീതം ഇളവുചെയ്ത് 45 ശതമാനമായും തേയിലയുടേത് 100 ശതമാനത്തില്‍നിന്നും 45 ശതമാനമായും കുരുമുളകിന്റേത് 70 ശതമാനത്തില്‍നിന്നും ഓരോ വര്‍ഷവും കുറച്ച് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. തീരുവ നിരക്ക് നിലനിര്‍ത്താനല്ല, കുറയ്ക്കാനാണ് തീരുമാനം. എന്തിനാണ് ഇവ പ്രത്യേക പട്ടികയിലാക്കിയത്. എന്തുകൊണ്ട് നെഗറ്റീവ് പട്ടികയിലെങ്കിലും ആക്കിയില്ല എന്നതിന് കേരളീയരോട് ഉത്തരം പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്; കേരളത്തിലെ പ്രതിപക്ഷമാണ്.
2. അസംസ്കൃത പാമോയിലിന് പൂജ്യം ശതമാനവും ശുദ്ധീകരിച്ച പാമോയിലിന് 7.5 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. അവ യഥാക്രമം 37.5 ശതമാനവും 45 ശതമാനവും ആയി ഉയര്‍ത്താന്‍ കഴിയും.
ഈ ധാരണ തെറ്റാണ്. നിലവിലുള്ള നിരക്കാണ് അപ്ളൈഡ്റേറ്റ്. പരമാവധി ചുമത്താവുന്ന നിരക്കാണ് ബൌണ്ട് റേറ്റ്. (ചുമത്താന്‍ ബാധ്യതപ്പെട്ട നിരക്ക് എന്നു സാരം). ഈ രണ്ട് നിരക്കുകളില്‍ ഏതാണോ കുറവ് അതാകണം പ്രയോഗത്തില്‍ വരുത്തേണ്ടതെന്ന് ഡബ്ള്യുഡിഒ കരാര്‍ അനുശാസിക്കുന്നു. അതായത് പൂജ്യം ശതമാനവും 7.5 ശതമാനവും നിലനിര്‍ത്തപ്പെടും.
3. നെഗറ്റീവ് പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. അവയുടെ തീരുവ നിലനിര്‍ത്തപ്പെടും.
ഈ ധാരണയ്ക്കും അടിസ്ഥാനമില്ല. 489 ഉല്‍പ്പന്നത്തില്‍ കുറെയെണ്ണത്തിന്റെയോ എല്ലാത്തിന്റെയുമോ തീരുവ, വ്യാപാരവര്‍ധന്ക്ക് തടസ്സമെന്നുകണ്ടാല്‍, തീരുവ കുറയ്ക്കപ്പെടും. ഇതുസംബന്ധിച്ച പരിശോധന ഓരോ ആണ്ടിലും നിര്‍ബന്ധമായും നടത്തണം. നെഗറ്റീവ് പട്ടിക സര്‍വകാലത്തേക്കുമുള്ള ഒറ്റമൂലിയല്ല. അവയില്‍പെട്ട ഉല്‍പ്പന്നങ്ങളുടെ തീരുവ മാറ്റമില്ലാതെ തുടരുകയുമില്ല. കേരളത്തിന് താല്‍പ്പര്യമുള്ള വളരെ കുറച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാത്രമാണ് നെഗറ്റീവ് പട്ടികയിലുള്ളത്. ടൊമാറ്റോ, ഉരുളക്കിഴങ്ങ്, ചുമന്നുള്ളി, വെളുത്തുള്ളി, ചോളം, ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍, ആപ്പിള്‍, ചെറി, മല്ലി, ജീരകം, കടുക്, പരുത്തിക്കുരു, കപ്പലണ്ടി എണ്ണ, സഫ്ളവര്‍ ഓയില്‍, പുകയില തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളെല്ലാം പട്ടികയിലുണ്ട്. വൈന്‍, ബിയര്‍, വിസ്കി, റം, ജിന്‍, വോഡ്ക തുടങ്ങിയ കാര്‍ഷികജന്യമായ ഉല്‍പ്പന്നങ്ങളും പട്ടികയിലുണ്ട്. ഇവയൊന്നും കേരളത്തിന് ബാധകമല്ല. സമുദ്രോല്‍പ്പന്നങ്ങളില്‍ മത്തി, അയില, ചൂര, കൊഞ്ച്, നാരന്‍, ഞണ്ട്, നത്തോലി എന്നിവ പട്ടികയിലുണ്ടെങ്കിലും കേരളത്തിന്റെ സമുദ്രമേഖലയില്‍ കാണുന്ന മിക്ക മത്സ്യങ്ങളും നികുതിരഹിതമായി ഇറക്കുമതിചെയ്യാവുന്ന പട്ടികയിലാണ്. മുള്ളുവാള, ഏട്ട, പരവക്കോല, മാലന്‍, കളിമീന്‍, കിളിമീന്‍, കരിമീന്‍, നെയ്മീന്‍, നരിമീന്‍, തിരുത, ആവോലി, പരവ, പാര, ചെമ്പല്ലി, എലിച്ചൂര, തെരണ്ടി, സ്രാവ്, കലവ, കൊഴിവല, നന്തന്‍, പള്ളാത്തി, വരാല്‍, വെളിച്ചി, പൂവാലി, കോര, കാരി, സിലോപ്പി, കട്ല, ആരെല്‍ തുടങ്ങിയ മത്സ്യങ്ങളെല്ലാം സ്വതന്ത്രമായി ഇറക്കുമതിചെയ്യപ്പെടും. അയിലയും മത്തിയും ചൂണ്ടിക്കാട്ടി, മത്സ്യമേഖലയെ ആസിയന്‍ കരാര്‍ ബാധിക്കുകയില്ല എന്നു വാദിക്കുന്നത് സത്യത്തിന് നിരക്കുന്നതല്ല. കൊത്തിയരിഞ്ഞ തേങ്ങ നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, പൊതിച്ച പച്ചത്തേങ്ങ ഇറക്കുമതിചെയ്യാം. ഏലാം നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, ഏലം പൊടിയും മറ്റുല്‍പ്പന്നങ്ങളും ഇറക്കുമതിചെയ്യാം. പച്ചമരച്ചീനിയും സ്വതന്ത്ര ഇറക്കുമതി പട്ടികയിലുണ്ട്. മരച്ചീനി ചിപ്സ് നെഗറ്റീവ് പട്ടികയിലാണ്. 173 ഇനം റബര്‍ ഉല്‍പ്പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് നെഗറ്റീവ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.
4. തീരുവ കുറയ്ക്കാന്‍ സാവകാശമുള്ളതുകൊണ്ട് അതിനിടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തി, മത്സരശേഷി വര്‍ധിപ്പിക്കാവുന്നതാണ്.
ഇതൊരു ആഗ്രഹംമാത്രമാണ്. ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണ്. 2013 ഡിസംബറിനുമുമ്പ് തീരുവ പൂജ്യത്തിലെത്തിക്കണം. സെന്‍സിറ്റീവ് ട്രാക്കില്‍പെട്ട ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും തീരുവ, 2016 ആവുമ്പോഴേക്കും പൂജ്യത്തിലെത്തിക്കണം. ആദ്യം അഞ്ചുശതമാനമായും പിന്നീട് 4.5 ശതമാനമായും തുടര്‍ന്ന് പൂജ്യം ശതമാനമായും കുറയ്ക്കണം. ഒരു ഹെക്ടര്‍ ഭൂമിയില്‍നിന്ന് എത്ര കിലോഗ്രാം ഉല്‍പ്പന്നം എന്നതാണ് ഉല്‍പ്പാദനക്ഷമതയുടെ അളവുകോല്‍. ഒരു ഹെക്ടര്‍ സ്ഥലത്ത് വിയറ്റ്നാം 1885 കിലോഗ്രാം കുരുമുളകുണ്ടാക്കുമ്പോള്‍, ഇന്ത്യ ഉണ്ടാക്കുന്നത് 280 കിലോഗ്രാം. ഇന്ത്യയുടേതിനേക്കാള്‍ ഏതാണ്ട് ആറര ഇരട്ടിയാണ് വിയറ്റ്നാം ഉണ്ടാക്കുന്നത്. തായ്ലന്‍ഡ് ഒരു ഹെക്ടറില്‍ 1710 കിലോഗ്രാം റബര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യ 820 കിലോഗ്രാമും. വിയറ്റ്നാം 1970 കിലോഗ്രാം കാപ്പി ഉണ്ടാക്കുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമത 839 ആണ്. ഇന്തോനേഷ്യ 6767 കിലോഗ്രാം നാളികേരം ഉണ്ടാക്കുന്നു. കേരളം ഉണ്ടാക്കുന്നത് 1025 കിലോഗ്രാം. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യക്ക് (കേരളത്തിന്) ഓടിയെത്താനാവുകയില്ല. മുതലാളിത്ത കൃഷിരീതിയാണ് മിക്ക ആസിയന്‍ രാജ്യങ്ങളും അവലംബിക്കുന്നത്. അതായത്, പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉപയോഗിച്ച് കൃഷി - ഇതാണ് ആസിയന്‍ രാജ്യങ്ങളുടെ രീതി. കിലോമീറ്റര്‍ കണക്കിന് വിസ്തൃതിയില്‍ തെങ്ങും എണ്ണപ്പനയും കൃഷിചെയ്യുന്നത് മലേഷ്യയിലും ഇന്തോനേഷ്യയിലും പതിവുകാഴ്ചയാണ്. കൃഷിഭൂമി ഏതാനും ജന്മികള്‍ കൈയടക്കിവച്ചിരിക്കുന്നു. ഭൂപരിഷ്കരണം അപരിചിതമാണ്. കേരളത്തിന്റെ സ്ഥിതി തികച്ചും വിഭിന്നമാണ്. നാമമാത്ര ചെറുകിട കൃഷിക്കാരാണ് ഭൂരിപക്ഷവും. പുരയിട കൃഷിയാണ് സാധാരണം. വന്‍മുതല്‍ മുടക്കാന്‍ കെല്‍പ്പില്ല. കേരളത്തിലെ സാധാരണ കൃഷിക്കാര്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ ആസിയന്‍ രാജ്യങ്ങളിലെ കൃഷിക്കാര്‍ക്കൊപ്പം ഓടണമെന്നുപറഞ്ഞാല്‍ പി ടി ഉഷക്കൊപ്പം എല്ലാവരും ഓടിയെത്തണമെന്നാണ്.
5. ഡംബിങ് നടത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയും
ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്ത് വില്‍ക്കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു രാജ്യത്ത് വില്‍ക്കുന്നതിനെയാണ് ഡംബിങ് എന്നുപറയുന്നത്. അതായത് ഉല്‍പ്പന്നത്തിന്റെ വില കുറച്ച് പുറംവിപണിയില്‍ കൊണ്ടുചെന്നുതള്ളുക. വില കുറഞ്ഞ വിദേശ ഉല്‍പ്പന്നവുമായി വിലകൂടിയ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ മത്സരിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആന്റി ഡംബിങ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വാദിക്കപ്പെടുന്നു. ആന്റി ഡമ്പിങ് നടപടി എളുപ്പമല്ല. ഡബ്ള്യൂടിഒ കരാറിന്റെ ആര്‍ട്ടിക്കിള്‍ ആറും പത്തൊമ്പതും അനുസരിച്ച് ഒന്ന്, ഡംബിങ് ഉണ്ടെന്ന് തെളിയിക്കണം. രണ്ട്, ഡംബിങ്ങിന്റെ വ്യാപ്തി തെളിയിക്കണം. മൂന്ന്, ഡംബിങ് ആഭ്യന്തരവ്യവസായത്തിന് കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് സമര്‍ഥിക്കണം. നാല്, ഡംബിങ് നടത്തുന്ന രാജ്യത്തിന് ഇക്കാര്യങ്ങളെല്ലാം ബോധ്യം വരണം. എളുപ്പമല്ല കാര്യം എന്നര്‍ഥം.
6. ഇറക്കുമതി ധാരാളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. വില കുറയും. ഉപയോക്താക്കള്‍ക്ക് ഗുണകരമാണ് ഇറക്കുമതി.
വിരുദ്ധതാല്‍പര്യങ്ങളുള്ള ഉല്‍പാദകര്‍, ഉപഭോക്താക്കള്‍ എന്ന് സമൂഹത്തെ വേര്‍തിരിക്കുന്നത് ശാസ്ത്രീയമല്ല. ഒരാള്‍ ഒരു സമയം ഉല്‍പാദകരാണ്, ഉപഭോക്താവുമാണ്. അധ്വാനശേഷി പ്രയോഗിച്ച് ഉല്‍പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കുന്നവരെന്ന നിലയില്‍ തൊഴിലാളികളും ജീവനക്കാരും അധ്യാപകരുമെല്ലാം ഉല്‍പാദന പ്രവര്‍ത്തനം നടത്തുന്നവരാണ്. വരുമാനം ചെലവിട്ട് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരെന്ന നിലയില്‍ അവര്‍ ഉപഭോക്താക്കളുമാണ്. പണം കൈയിലുള്ളവരെക്കുറിച്ചാണ് ഇപ്പറയുന്നത്. പണം ആകാശത്തുനിന്ന് ഉതിര്‍ന്നുവീഴുന്നില്ല. ഉല്‍പ്പാദനമാണ് പണത്തിന്റെ ഉറവിടം. ഉല്‍പ്പാദനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലി, കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റ് വരുമാനം, ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് വരുമാനം, ചുമടെടുക്കുന്നവര്‍ക്കു കൂലി, ലോറിയോടിക്കുന്നവര്‍ക്ക് കൂലി, അങ്ങനെ ഉല്‍പ്പാദന പ്രവര്‍ത്തനത്തിലൂടെയാണ് പണം സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. നൂറുരൂപയുടെ വരുമാനമുണ്ടായാല്‍ അത് പതിന്മടങ്ങ് കൈമാറ്റങ്ങള്‍ക്ക് ഉതകും. ഒരു റബര്‍ കൃഷിക്കാരന് റബര്‍ വിറ്റ് നൂറുരൂപ കിട്ടുന്നു എന്നിരിക്കട്ടെ. അതയാളുടെ വരുമാനമാണ്. അതുകൊണ്ടയാള്‍ അരി വാങ്ങുന്നു. അരിക്കച്ചവടക്കാരന് നൂറുരൂപ വരുമാനം കിട്ടി. അരിക്കച്ചവടക്കാരന്‍ അതുകൊണ്ട് തുണി വാങ്ങുന്നു. തുണിക്കച്ചവടക്കാരന് വരുമാനമായി. ഈ പട്ടിക ഇനിയും നീട്ടാം. എത്ര കൈമാറ്റം നടക്കുന്നുവോ അത്രയും ഇരട്ടി പണത്തിന്റെ ഫലം നൂറുരൂപ സൃഷ്ടിക്കും. തുണിക്കച്ചവടക്കാരന്‍ തുണി വില്‍ക്കുമ്പോള്‍ വീണ്ടും അയാള്‍ തുണിക്ക് ഓര്‍ഡര്‍ നല്‍കും. കൂടുതല്‍ തുണിയുണ്ടാക്കാന്‍ മില്ലുടമ കൂടുതല്‍ തൊഴിലാളികളെ നിയമിക്കും. യന്ത്രങ്ങള്‍ വാങ്ങും. നൂല്‍ വാങ്ങും. നൂലിന്റെ ആവശ്യം പരുത്തികൃഷിക്കാര്‍ക്ക് തൊഴിലും വരുമാനവുമുണ്ടാക്കും. ചുരുക്കത്തില്‍ തുണിയുല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വരുമാനമുണ്ടാകും. ഇതിന്റെ തുടക്കം റബര്‍ കൃഷിയായിരുന്നല്ലോ. റബര്‍കൃഷി തകര്‍ന്നാലോ? തെങ്ങുകൃഷി തകര്‍ന്നാലോ? കള്ളനോട്ടും കള്ളപ്പണവും കൈകാര്യം ചെയ്യുന്നവരുടെയും ഊഹക്കച്ചവടക്കാരുടെയും പൂഴ്ത്തിവയ്പുകാരുടെയും റിയല്‍ എസ്റേറ്റ് -മദ്യ മാഫിയകളുടെയും കാര്യം ഇവിടെ പരിഗണിക്കുന്നില്ല.
7. ഇന്ത്യ ആസിയന്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ചൈന ഒപ്പിടുമായിരുന്നു
ഇത് ശുദ്ധ അസംബന്ധമാണ്. ചൈന, ആസിയന്‍ രാജ്യങ്ങളുമായി ചരക്ക് വ്യാപാരകരാര്‍ 2005 ജൂലൈയിലും സേവന വ്യാപാര കരാര്‍ 2007 ജനുവരിയിലും നിക്ഷേപകരാര്‍ 2009 ആഗസ്തിലും ഒപ്പിട്ടുകഴിഞ്ഞു.
8. ചൈനക്കാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കായിക്കൂടാ?
വ്യാപാര കരാറുകളല്ല പ്രശ്നം. കരാറിലെ കര്‍ഷകവിരുദ്ധ-ജനദ്രോഹ വ്യവസ്ഥകളാണ്. കുത്തക വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയങ്ങളാണ് പ്രശ്നം. കേരളത്തിലെ 84 ശതമാനം കൃഷിഭൂമിയില്‍, റബറും തേയിലും കാപ്പിയും നാളികേരവും കുരുമുളകും ഏലവും ഇഞ്ചിയും മഞ്ഞളും ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് കൃഷിക്കാരുടെയും മത്സ്യം പിടിച്ചും മത്സ്യം വിറ്റും ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങളുടെ സംസ്കരണത്തിലും വ്യാപാരത്തിലും ഏര്‍പ്പെട്ടിട്ടുള്ള ലക്ഷക്കണക്കിന് പരമ്പരാഗത തൊഴിലാളികളുടെയും ഇരുളടഞ്ഞ ഭാവിജീവിതമാണ് പ്രശ്നം.
*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍
No comments:
Post a Comment