Tuesday, 19 May 2009

ആഗോളമാന്ദ്യവും ഗള്‍ഫ്‌ പ്രവാസികളും

ആഗോളമാന്ദ്യവും ഗള്‍ഫ്‌ പ്രവാസികളും
കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയില്‍ 'വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണലും' ബി.ബി.സി.യും അടക്കം ഒരു ഡസനിലേറെ വിദേശമാധ്യമങ്ങള്‍ അഭിമുഖത്തിന്‌ വന്നിരുന്നു. എല്ലാവരുടെയും വിഷയം ഒന്നു തന്നെ - ഗള്‍ഫ്‌ രാജ്യങ്ങളെ ബാധിച്ചു കഴിഞ്ഞ ആഗോള മാന്ദ്യം പ്രവാസി മലയാളികളെയും കേരളത്തെയും എത്രമാത്രം ബാധിക്കും? ആഗോള മാന്ദ്യം ഏറ്റവും രൂക്ഷമായി ആദ്യം ബാധിക്കുക ഓരോ രാജ്യത്തേയും പ്രവാസി തൊഴിലാളികളെയാണ്‌ എന്നത്‌ സര്‍വസമ്മതമായ കാര്യമാണ്‌. ഗള്‍ഫ്‌ മേഖലയിലെ പ്രവാസി തൊഴിലാളികളെക്കുറിച്ച്‌ ലോകമെമ്പാടും വളര്‍ന്നു വരുന്ന കൗതുകത്തിന്റെയും ഉത്‌കണ്‌ഠയുടെയും പ്രതിഫലനമാണ്‌ ഈ മാധ്യമശ്രദ്ധ.എന്നാല്‍ ഇതുസംബന്ധിച്ച്‌ യാതൊരു ഉത്‌കണ്‌ഠയും കേന്ദ്ര സര്‍ക്കാരിനില്ല. ഗള്‍ഫിലെ പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കേന്ദ്ര വാണിജ്യ വകുപ്പ്‌ സെക്രട്ടറി തന്നെ ബജറ്റ്‌ അവതരണത്തിന്‌ മുന്നെ വിശദീകരിക്കുകയുണ്ടായി. ബജറ്റിലോ കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാപാക്കേജുകളിലോ പ്രവാസികള്‍ക്ക്‌ ഒരു ഇടവും കിട്ടിയില്ല.ഗള്‍ഫില്‍നിന്ന്‌ എത്രപേര്‍ മടങ്ങിവന്നു അല്ലെങ്കില്‍ വരും എന്ന ചോദ്യത്തിന്‌ ലളിതമായ ഉത്തരമില്ല. പാശ്ചാത്യ രാജ്യത്തിലേക്കുള്ള കുടിയേറ്റത്തില്‍നിന്ന്‌ വ്യത്യസ്‌തമായി ഗള്‍ഫില്‍ ജോലി ചെയ്യാന്‍ പോകുന്നവര്‍ക്ക്‌ അവിടെ സ്ഥിരതാമസമാക്കാന്‍ കഴിയില്ല. ഉദ്യോഗം കഴിഞ്ഞാല്‍ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുപോയേ കഴിയൂ. തന്‍മൂലം എല്ലാ കാലത്തും ഗള്‍ഫിലേക്ക്‌ ജോലി ചെയ്യാന്‍ പുതിയ ആളുകള്‍ പോകുമ്പോള്‍ തൊഴില്‍കാലാവധി കഴിഞ്ഞവര്‍ തിരിച്ചുവരുന്നതു കാണാം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിലെ കെ.സി. സഖറിയെയും ഇരുദയരാജനും ചേര്‍ന്ന്‌ സമീപകാലത്ത്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ചുള്ള ഏറ്റവും പുതിയ കണക്കുകളുണ്ട്‌.1998-നും 2003-നും ഇടയ്‌ക്ക്‌ 4.76 ലക്ഷം പേര്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ കുടിയേറിയപ്പോള്‍ 1.54 ലക്ഷം പേര്‍ ഗള്‍ഫില്‍നിന്ന്‌ തിരിച്ചുവന്നു. കേരളത്തില്‍നിന്നുള്ള ഗള്‍ഫ്‌ പ്രവാസികളുടെ എണ്ണത്തില്‍ 3.21 ലക്ഷം പേരുടെ വര്‍ധനയുണ്ടായി. 2003-നും 2008-നും ഇടയ്‌ക്ക്‌ ഗള്‍ഫില്‍ ജോലിക്ക്‌ പോയവരുടെ എണ്ണം 3.21 ലക്ഷം ആയി കുറഞ്ഞു. തിരിച്ചുവന്നവരുടെ എണ്ണമാകട്ടെ 2.07 ലക്ഷമായി ഉയര്‍ന്നു. എങ്കിലും ഗള്‍ഫില്‍നിന്ന്‌ തിരിച്ചുവന്നവരേക്കാള്‍ കൂടുതലായിരുന്നു ഗള്‍ഫിലേക്ക്‌ പോയവര്‍.മാന്ദ്യംമൂലം ഗള്‍ഫില്‍ നിന്ന്‌ എത്രപേര്‍ തിരിച്ചുവന്നു എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാനുള്ള പ്രയാസം ഇതാണ്‌. സാധാരണഗതിയില്‍ തിരിച്ചുവരുന്നവരെയും മാന്ദ്യംമൂലം ജോലി നഷ്‌ടപ്പെട്ട്‌ തിരിച്ചുവരുന്നവരെയും വേര്‍തിരിച്ചറിയാന്‍ കഴിയില്ല. മാന്ദ്യംമൂലം പ്രവാസികള്‍ക്ക്‌ ഗൗരവമായ പ്രശ്‌നമില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്‌ വ്യക്തമായ സ്ഥിതിവിവര കണക്ക്‌ ഇല്ലാത്തത്‌ ഒരു ഉപായമായിത്തീര്‍ന്നിരിക്കുകയാണ്‌.മുകളില്‍ ഉദ്ധരിച്ച അഞ്ചു വര്‍ഷത്തെ ശരാശരി കണക്കുകള്‍ മാന്ദ്യകാലത്തെ പുതിയ പ്രവണതകളെ മറച്ചുവെച്ചിരിക്കുകയാണ്‌. 2008 ഒക്ടോബറിലാണ്‌ ഗള്‍ഫ്‌രാജ്യങ്ങളില്‍ മാന്ദ്യലക്ഷണം കണ്ടു തുടങ്ങിയത്‌. സി.ഡി.എസ്സിലെ കണക്കുകളില്‍ 2008 ഡിസംബര്‍വരെ തിരിച്ചുവന്നവരുടെ എണ്ണമേയുള്ളൂ. അതുതന്നെ മാന്ദ്യം ആരംഭിച്ചതിനുശേഷമുള്ള ഒക്ടോബര്‍, ഡിസംബറിലെ കണക്ക്‌ പ്രത്യേകമായി ലഭ്യമല്ല.പരോക്ഷമായ തെളിവുകള്‍വെച്ച്‌ പരിശോധിക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള കുടിയേറ്റപ്രവണതകളുടെ ഗതി നേരേ തിരിച്ചായിട്ടുണ്ടെന്നു കാണാനാകും.(1) ഗള്‍ഫിലേക്ക്‌ കുടിയേറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ്‌ എമിഗ്രന്‍സ്‌ ഓഫീസില്‍നിന്ന്‌ ശരാശരി 3000 പേര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ വാങ്ങിക്കൊണ്ടിരുന്നത്‌ 2009 ലെ ആദ്യമാസങ്ങളില്‍ 1500 ആയി കുറഞ്ഞിരിക്കുകയാണ്‌. കേന്ദ്ര പ്രവാസിവകുപ്പ്‌മന്ത്രിയുടെ പ്രസ്‌താവന പ്രകാരം ഗ്രൂപ്പ്‌ വിസകളുടെ എണ്ണം 2008 ജനവരിയില്‍ 2256 ആയിരുന്നത്‌ ഡിസംബറില്‍ 265 ആയി കുറഞ്ഞു. കേരളത്തിനിന്ന്‌ ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനമാണ്‌ ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ഇടിവുണ്ടായിട്ടുള്ളത്‌.(2) ഗള്‍ഫില്‍ നിന്ന്‌ തിരിച്ചു വരുന്നവരുടെ എണ്ണത്തിലാകട്ടെ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏതാണ്ട്‌ 420 ഫൈ്‌ളറ്റുകളാണ്‌ ആഴ്‌ചതോറും വന്നുകൊണ്ടിരുന്നത്‌. വരുന്നവരുടെയും പോകുന്നവരുടെയും തോത്‌ ഏതാണ്ട്‌ തുല്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൊത്തം യാത്രക്കാരില്‍ 70 ശതമാനം പേര്‍ തിരിച്ചുവരുന്നവരാണ്‌. ഗള്‍ഫില്‍നിന്നും തിരിച്ചുവരുന്നവരില്‍ ജോലി നഷ്‌ടപ്പെട്ട്‌ തിരിച്ചുവരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്‌. ഇതില്‍ ശക്തികുളങ്ങര ആഗോളശ്രദ്ധ നേടിയിട്ടുണ്ട്‌. ഇവിടെനിന്നുള്ള ആയിരത്തില്‍പ്പരം മത്സ്യത്തൊഴിലാളികളാണ്‌പുതിയ ദുബായ്‌ പോര്‍ട്ടിന്റെ നിര്‍മാണത്തില്‍ മുങ്ങല്‍ത്തൊഴിലാളികളായി പണിയെടുത്തുകൊണ്ടിരുന്നത്‌. ഇവര്‍ എല്ലാവരുംതന്നെ തിരിച്ചുവന്നു എന്നാണ്‌ ഇന്ത്യ ടുഡേ, ഗള്‍ഫ്‌ ടൈംസ്‌, ഗാര്‍ഡിയന്‍ തുടങ്ങിയവയില്‍ ചിത്രം സഹിതം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌.(3) ഇതുമൂലം കഴിഞ്ഞ കുവൈത്ത്‌ പ്രതിസന്ധിക്കുശേഷം ആദ്യമായി ഗള്‍ഫിലെ മലയാളി പ്രവാസികളുടെ എണ്ണത്തില്‍ ഇടിവുണ്ടായിരിക്കുകയാണ്‌. ഈ പ്രവണതകള്‍ 2009-ലെ ഇനിയുള്ള മാസങ്ങളിലും തുടര്‍ന്നാല്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കും. ജോലി നഷ്‌ടപ്പെട്ട്‌ തിരിച്ചുവരുന്നവരില്‍ ഒരു വിഭാഗമെങ്കിലും കടഭാരവുമായിട്ടായിരിക്കും തിരിച്ചു വരുന്നത്‌. ഏതാണ്ട്‌ ഒന്നര-രണ്ട്‌ വര്‍ഷം ഗള്‍ഫില്‍ പണിയെടുത്താലെ അങ്ങോട്ടുപോകുന്നതിനുവേണ്ടി ചെലവാക്കിയ പണം മുതലാവൂ. അതിനുമുമ്പ്‌ തിരിച്ചുവരുന്നവരുടെ നില പരിതാപകരമായിരിക്കും. ഇവരെ സഹായിക്കുന്നതിന്‌ പ്രവാസി ക്ഷേമനിധി വഴി സ്‌കീം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതിനായി 10 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്‌.എന്നാല്‍ ഒട്ടേറെ പേര്‍ക്ക്‌ ചെറിയ തോതിലെങ്കിലും സമ്പാദ്യവും വിദേശത്ത്‌ ജോലി ചെയ്‌തതിന്റെ അനുഭവ സമ്പത്തും ഉള്ളതാണ്‌. ഇവരുടെ അഭിരുചിയും സാധ്യതകളും കണക്കിലെടുത്ത്‌ ഏതെങ്കിലും സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നതിന്‌ സഹായിക്കലാണ്‌ മറ്റൊരു സ്‌കീം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി 10 ശതമാനം പലിശയ്‌ക്ക്‌ ഇത്തരത്തിലുള്ള പ്രവാസി സംരംഭകര്‍ക്കായി 100 കോടിരൂപ ലഭ്യമാക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.അതുപോലെത്തന്നെ ആവശ്യമായ സ്‌കൂളുകളില്‍ ഗള്‍ഫില്‍നിന്നുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം നല്‍കുന്നതിനും വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌.ഗള്‍ഫിലെ പ്രതിസന്ധി കേരളത്തിലേക്കുള്ള വിദേശപണ വരുമാനത്തെ ഈ വര്‍ഷം പ്രതികൂലമായി ബാധിക്കുമെന്ന്‌ നിശ്ചയമാണ്‌. 2008-2009 ധനകാര്യ വര്‍ഷത്തില്‍ സ്ഥിതി നേരെ മറിച്ചായിരുന്നു. വിദേശ ബാങ്കിങ്‌മേഖലയിലെ അരക്ഷിതാവസ്ഥ മൂലം ഗള്‍ഫിലെ ഇന്ത്യക്കാര്‍ അവരുടെ സമ്പാദ്യം മുഴുവന്‍ നാട്ടിലേക്ക്‌ ഒഴുക്കി. ഇതിന്റെ ഫലമായി കേരളത്തിലെ ഗള്‍ഫ്‌ പണത്തിന്റെ വരവ്‌ 25,000-28,000 കോടി രൂപയായിരുന്നത്‌ ഏതാണ്ട്‌ 38,000 കോടി രൂപയായി ഉയര്‍ന്നു എന്നാണ്‌ ഒരു മതിപ്പ്‌ കണക്ക്‌. വിദേശബാങ്ക്‌ ഡിപ്പോസിറ്റുകളില്‍ റെക്കോര്‍ഡ്‌ വര്‍ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. പക്ഷേ, ഈ ഒറ്റത്തവണ വര്‍ധന2009-2010-ലും പ്രതീക്ഷിക്കുന്നത്‌ അസംബന്ധമായിരിക്കും. ഗള്‍ഫ്‌ ബിസിനസ്‌ ആന്വല്‍ സാലറി സര്‍വേ 2009 റിപ്പോര്‍ട്ട്‌ പ്രകാരം ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രൊഫഷണല്‍ ജോലിക്കാരുടെ പോലും ശമ്പളത്തില്‍ ഇടിവും ഗള്‍ഫില്‍നിന്നുള്ള വരുമാനം ഇന്നത്തെ 38,000 കോടി രൂപയില്‍നിന്ന്‌ 25,000 കോടി രൂപയായി താഴുന്നതിനുമാണ്‌ സാധ്യത. ഇത്‌ കേരളത്തിലെ സാമ്പത്തിക്യമാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കും.സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ അപര്യാപ്‌തതയെക്കുറിച്ച്‌ പലരും വിമര്‍ശിച്ചിട്ടുണ്ട്‌. അത്‌ ശരിയാണുതാനും. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്‌ കര്‍ശനമായ പരിമിതികളുണ്ട്‌. വരുമാനത്തിനനുസരിച്ച്‌ ചെലവ്‌ നടത്തണം. കടമെടുക്കണമെങ്കില്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണം. അതുകൊണ്ട്‌ ഇന്ത്യയിലെ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധി ഫലപ്രദമായി നേരിടാന്‍ നടപടിഎടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. മാന്ദ്യകാലത്ത്‌ കേന്ദ്ര സര്‍ക്കാരിന്‌ കടമെടുക്കുന്നതിനോ പുതിയ പണം അച്ചടിക്കുന്നതിനോ ഒരു പ്രയാസവും ഉണ്ടാകില്ല. മാത്രവുമല്ല, മൂന്ന്‌ വര്‍ഷം മുമ്പുവരെ എല്ലാ പ്രവാസികളും എമിഗ്രേഷന്‍ ഡിപ്പോസിറ്റ്‌ കേന്ദ്ര സര്‍ക്കാരിന്‌ നല്‍കേണ്ടിയിരുന്നു. ചുരുക്കം ചിലര്‍ മാത്രമേ ഇത്‌ തിരിച്ചുവാങ്ങിയിരുന്നുള്ളൂ. ഇതിന്റെ ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളത്‌. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആപത്‌കാലത്ത്‌ പ്രവാസികളോട്‌ ഏറ്റവും നിഷേധാത്മകമായ സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്‌. വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതിക്കാര്‍ക്ക്‌ മാന്ദ്യത്തിന്റെ പേരില്‍ ഗണ്യമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കയറ്റുമതിക്കാരെപ്പോലെ വിദേശനാണ്യം നേടിത്തരുന്നതില്‍ സുപ്രധാന പങ്ക്‌ വഹിക്കുന്ന പ്രവാസികള്‍ക്കു ഒന്നും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.പ്രവാസികളെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിക്കുമ്പോള്‍ തൊഴിലാളികളെക്കാള്‍ പ്രവാസി നിക്ഷേപകരോടാണ്‌ അവരുടെ കമ്പം എന്നു വ്യക്തമാകും. പ്രവാസി സമ്മേളനങ്ങള്‍ നിക്ഷേപ സംഗമങ്ങളായിട്ടാണ്‌ സംഘടിപ്പിക്കുന്നത്‌. ഈ സമീപനം തിരുത്തിച്ചേ തീരൂ. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ കേന്ദ്രത്തില്‍ ഭരണത്തില്‍വരുന്ന സര്‍ക്കാരിനോട്‌ കേരളം മുഴുവന്‍ ഏകകണ്‌ഠമായി ആവശ്യപ്പെടേണ്ടുന്ന കാര്യമാണ്‌ പ്രവാസി സംരക്ഷണം.*ഡോ. തോമസ്‌ ഐസക്‌ കടപ്പാട്: മാതൃഭൂമി

No comments:

Post a Comment