Monday 20 February 2012

അവസാനത്തെ അത്താഴം

സത്യം പറഞ്ഞാല്‍ ദൈവത്തിനു ബോറടിച്ചു തുടങ്ങി. എങ്ങനെ ബോറടിക്കാതിരിക്കും? അത്രക്ക് വിരസമല്ലെ ഈ സ്വര്‍ഗീയ ജീവിതം. സ്വര്‍ഗീയ ജീവിതം എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവിടെ പോകാന്‍ എല്ലാവര്‍ക്കും ആഗ്രഹവുമുണ്ട്. അതിനുവേണ്ടി എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത്! പള്ളിക്ക് പൊന്‍കുരിശ്, അമ്പലത്തിന് ആന, അനാഥക്കുട്ടികള്‍ക്ക് കല്യാണം, അന്നദാനം...ഇങ്ങനെ പൊതുമുതല്‍ കട്ടുമുടിച്ച് പൊതുസേവനം നടത്തി ധന്യമാവുന്ന എത്രയെത്ര ജീവിതങ്ങള്‍! സ്വര്‍ഗത്തില്‍ കുറഞ്ഞ ഒരു സാധനവും അവര്‍ക്കു വേണ്ട. അതിനുവേണ്ടി സൂചിക്കുഴയിലൂടെ കടക്കാന്‍ ഒട്ടകത്തെ എണ്ണയിട്ട് ഉഴിയിച്ച് ശരീരം വഴക്കി യോഗാഭ്യാസം പഠിപ്പിക്കുന്ന എത്രയെത്ര മഹാത്മാക്കളാല്‍ പൂരിതമാണ് ഭൂമിമലയാളം! ഇതിന് പ്രത്യേകം കോച്ചിങ് സെന്ററുകള്‍ വരെ ഉണ്ട്. ഇമ്മാതിരി ബുദ്ധിമുട്ടി അവിടെച്ചെന്നിട്ട് എന്താ സ്ഥിതി? അവിടെപ്പോയ ആരും ഇതുവരെ വിവരം ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ സ്ഥിതി ഇപ്പോഴും അപ്രാപ്യമാണ്.
    

    ചില മാധ്യമങ്ങള്‍ പരീക്ഷണാര്‍ഥം ചില ലേഖകരെ അയച്ചെങ്കിലും അവര്‍ വിലക്കപ്പെട്ട കനി തിന്ന് ഹവ്വയുടെ പിന്നാലെ കറങ്ങി നടക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ഗീയ ജീവിതം അത്ര കേമമാവാനുള്ള സാധ്യത വളരെക്കുറവാണ്. ഇത് മനസ്സിലാക്കാന്‍ ബൈബിള്‍ , ഭഗവദ്ഗീത എന്നിവയില്‍ അഗാധപാണ്ഡിത്യമോ, നിരീശ്വര വാദത്തില്‍ ഉന്നത ബിരുദമോ വേണ്ട. നമുക്ക് ഈശ്വരന്‍ തന്ന ബുദ്ധികൊണ്ട് ആലോചിച്ചുനോക്കിയാല്‍ മതി. സ്വര്‍ഗീയാത്മാക്കളുടെ ദിനചര്യ പരിശോധിക്കാം. എല്ലാവരും അതിരാവിലെ അഞ്ചിന് എഴുന്നേല്‍ക്കുന്നു! സ്കൂള്‍ കുട്ടികളെ അസംബ്ലിക്ക് നിര്‍ത്തുന്നപോലെ അല്ലെ ഇത്? ഒരു ലോകത്തുള്ള എല്ലാവരും അഞ്ചുമണിക്ക് തന്നെ എഴുന്നേല്‍ക്കുക എന്നത് എത്ര വിരസമായിരിക്കും!

    
    ആര്‍ക്കെങ്കിലും ഇന്ന് പത്തു മണിക്ക് എഴുന്നേറ്റാല്‍ മതിയെന്ന് തീരുമാനിക്കാനാവുമോ? സ്വര്‍ഗമല്ലെ! അവിടെ ഉച്ചവരെ ഉറങ്ങാന്‍ പറ്റ്വോ? എഴുന്നേറ്റാലോ? ഒരു ചായയോ കാപ്പിയോ കുടിക്കാന്‍ പറ്റ്വോ? സ്വര്‍ഗത്തില്‍ ചായയും കാപ്പിയും കിട്ട്വോ? അതൊക്കെ ചെറിയ ലഹരിയല്ലെ! രാവിലെ കടയില്‍ പോയി ഒരു ചായ കുടിക്കുന്ന ശീലം നല്ലവരായ ചില ആണുങ്ങള്‍ക്കിടയിലുണ്ട്. അവരെങ്ങാനും സ്വര്‍ഗത്തിലെത്തിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്യേ? സ്വര്‍ഗത്തില്‍ എവിടെയെങ്കിലും ഒരു ചായക്കട ഉണ്ടാവുമോ? അവര്‍ അവരുടെ പ്രഭാതകര്‍മം പോലും ഭംഗം കൂടാതെ നിര്‍വഹിക്കുന്നത് ഇതിന്റെ ബലത്തിലാണ്. ഈ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ കിടന്ന് എരിപൊരികൊണ്ടു പോവും. ചിലര്‍ക്ക് പ്രഭാത സവാരിയുടെ സ്വഭാവമുണ്ട്.സ്വര്‍ഗത്തില്‍ അതിന്റെ ആവശ്യമില്ല. അവിടെ നോ കൊളസ്ട്രോള്‍ , നോ ഷുഗര്‍ , നോ ബ്ലഡ് പ്രഷര്‍ .. അപ്പോള്‍ എഴുന്നേറ്റാല്‍ എന്തുചെയ്യും? ശൂന്യത. ഉച്ചക്ക്? ഭക്ഷണം. വെജിറ്റേറിയനാവാനാണ് സാധ്യത. സ്വര്‍ഗത്തില്‍ പക്ഷിമൃഗാദികളെ കൊല്ലാനാവില്ല. നരകത്തിലെ നോണ്‍ വെജ് നോക്കി ശുദ്ധാത്മാക്കള്‍ക്ക് കൊതിച്ചിരിക്കേണ്ടി വരും. ഉച്ച കഴിഞ്ഞാല്‍ ?. പിന്നെയും ശൂന്യത. വൈകുന്നേരമായാല്‍ ആത്മാക്കള്‍ക്ക് പറുദീസയില്‍ ഇറങ്ങി നടക്കാം. പക്ഷികള്‍ പാടും, അരുവികള്‍ ഓടും, കാറ്റുകള്‍ കിലുങ്ങും. പഴങ്ങള്‍ തലയാട്ടി വിളിക്കും.
    

    പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങള്‍! പക്ഷേ ഇതൊന്നും കണ്ട് ഭാവനയോ കവിതയോ തോന്നേണ്ടതില്ല, പ്രണയാതുരരും ആകരുത്. ആത്മാക്കള്‍ ഇനിയാരെ പ്രേമിക്കാന്‍ ? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ഇനി രാത്രി. ഭക്ഷണം, ഉറക്കം.. തീര്‍ന്നു, ദൈനംദിന ജീവിതം. ഇതിനിടയില്‍ കിട്ടുന്ന സമയം എന്തുചെയ്യും?. പ്രാര്‍ഥിക്കാം എന്നു കരുതുക. സ്വര്‍ഗത്തില്‍ അതിന്റെ ആവശ്യമില്ല. ലക്ഷ്യത്തിലെത്തിയാല്‍ ഇനിയെന്തു മാര്‍ഗം? പാലം കടന്നാല്‍ പിന്നെയെന്തിനു നാരായണന്‍ ? ഇനി സാംസ്ക്കാരീക ബൗദ്ധീക ജീവിതത്തിലേക്കു വരാം. സ്വര്‍ഗത്തില്‍ ഇതിലെന്ത് കാര്യം? ഒരു പത്രംപോലും അവിടെ കിട്ടില്ല. അല്ലെങ്കിലും സ്വര്‍ഗത്തിലെന്തിനു പത്രം? അവിടെയെന്ത് വാര്‍ത്ത? അവിടെ മനുഷ്യന്‍ പട്ടിയെ കടിക്ക്വോ? പിന്നെ എങ്ങനെ വാര്‍ത്തയുണ്ടാവും? സ്വര്‍ഗത്തില്‍ പീഡനങ്ങളുണ്ടോ? ക്വട്ടേഷന്‍ സംഘങ്ങളുണ്ടോ? സ്ത്രീധന മരണങ്ങളുണ്ടോ?. ഭവനഭേദനം, കളവ്, പോക്കറ്റടി എന്നിവയുണ്ടോ?. വ്യാജ നോട്ട്, വ്യാജ സിഡി, വ്യാജ സിദ്ധന്‍ എന്നിവയുണ്ടോ? മുന്‍കൂര്‍ ജാമ്യമുണ്ടോ?...പിന്നെ എങ്ങനെ വാര്‍ത്തകളുണ്ടാവും?. സ്വര്‍ഗത്തിലെ റോഡില്‍ കുഴികളുണ്ടോ?. റെയില്‍വേ ക്രോസുകളുണ്ടോ?. ട്രാഫിക് ജാമുണ്ടോ? മണല്‍ കയറ്റിപ്പായുന്ന ടിപ്പറുകളുണ്ടോ?. അവിടെ ഉല്‍സവങ്ങളുണ്ടോ ആനകളുണ്ടോ, ആനക്ക് മദം പൊട്ടാറുണ്ടോ?...പിന്നെ എങ്ങനെ വാര്‍ത്തകളുണ്ടാവും? സ്വര്‍ഗത്തില്‍ തെരഞ്ഞെടുപ്പുണ്ടോ? മന്ത്രിസഭാ രൂപീകരണമുണ്ടോ? കേരളാ കോണ്‍ഗ്രസ് ബിയുണ്ടോ? ടെലികോം വകുപ്പുണ്ടോ? അപ്പോള്‍ ആ വഴിക്കും വാര്‍ത്തയില്ല. പിന്നെ പുസ്തകങ്ങളും വാരികകളും. സ്വര്‍ഗത്തിലെന്തിനാണ് ഇവയൊക്കെ? സ്വര്‍ഗം തന്നെ ഒരു കവിതയായ സ്ഥിതിക്ക് അവിടെ എന്തിന് വേറെ കവിത? വെണ്ണയുണ്ടെങ്കില്‍ നറുനെയ്യ് വേറിട്ടു കരുതണോ? സ്വര്‍ഗത്തിലെന്ത് കവിയരങ്ങും, കവിതാക്യാമ്പും? നിരൂപണം, വിമര്‍ശനം എന്നിവയ്ക്ക് സ്വര്‍ഗത്തിലെന്തു സ്ഥാനം? വായന എവിടെയെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അത് സ്വര്‍ഗത്തില്‍ മാത്രമായിരിക്കും. ആ ഒറ്റ കാര്യത്തില്‍ പുണ്യം ചെയ്ത സ്ഥലമാണ് സ്വര്‍ഗം.

    
    പണ്ഡിതന്മാരായി താറും പാച്ചി നിന്ന് പാവപ്പെട്ടവന്റെ പിടലിക്ക്് പിടിച്ച് 'വായിക്കടാ' എന്ന് പറഞ്ഞുള്ള പിടിച്ചുപറി അവിടെയില്ല. ഗ്രന്ഥകര്‍ത്താവിനെ പ്രശംസ കൊണ്ട് ഇരുത്തിക്കുഴിച്ചിടുന്ന പുസ്തക പ്രകാശനവും അവിടെയില്ല. ഇതെല്ലാം കേട്ട് ത്വക്കില്‍ രോമാഞ്ചകൃഷി ചെയ്ത് ഇളിഞ്ഞ ചിരിയോടെ കോരിത്തരിക്കുന്ന സിംഹതുല്യരായ എഴുത്തുകാരും അവിടെയില്ല. സാംസ്ക്കാരിക സമ്മേളനം, ബോധവല്‍ക്കരണ ക്യാമ്പ് എന്നിവയ്ക്കും സ്വര്‍ഗത്തില്‍ സാധ്യതയില്ല. ബോധവല്‍ക്കരിക്കാനിറങ്ങുന്നവര്‍ അവിടെ പച്ച തൊടില്ല. ആഴ്ചയിലൊരിക്കല്‍ സാംസ്ക്കാരിക ഉദ്ബോധനം നടത്തിയില്ലെങ്കില്‍ ശരീരം ചൊറിഞ്ഞു തടിക്കുന്നവരുടെ കാര്യം മഹാകഷ്ടം! ഇന്റലക്ച്വല്‍സിന്റെ ഒരു ഗതികേടേ....!.ആ ശേഖരിച്ചു വച്ച ബുദ്ധിയൊക്കെ എന്തു ചെയ്യും? ആക്രികച്ചവടക്കാര്‍ പോലും എടുക്കുകയില്ല. വിത്തിനിട്ട് ആവശ്യം വരുമ്പോള്‍ വിതച്ച് കൊയ്തെടുക്കാമെന്ന് കരുതിയാല്‍ കണ്ടുവച്ച ചില വയലുകള്‍ നികത്തിയെടുക്കുകയാണ്. ഇന്റലക്ച്വല്‍ ബിസിനസ് പൊതുവെ മോശമായി വരികയാണ്. സമയം കളയാനൊരു സിനിമ കാണാമെന്ന് വച്ചാല്‍ സ്വര്‍ഗത്തിലൊന്നും കൊട്ടകകളില്ല. ഫിലിം ഫെസ്റ്റിവലും ഉണ്ടാവില്ല. എങ്കിലും ഇത് ബുദ്ധിജീവികളെ ബാധിക്കാന്‍ സാധ്യതയില്ല. അത് ഭൂമിയില്‍ കിടന്ന് പെറ്റുപെരുകി അനന്തര തലമുറകളെ കാര്‍ന്നുതിന്നുകൊണ്ടേയിരിക്കും. കായിക വിനോദവും സ്വര്‍ഗത്തില്‍ നിഷിദ്ധമാണ്. അതൊരു മത്സരാധിഷ്ഠിത സമൂഹമല്ല. ചാട്ടമാണെങ്കില്‍ എല്ലാവരും ഒരേ ഉയരത്തില്‍ ചാടും, ഓട്ടമാണെങ്കില്‍ എല്ലാവരും ഒരേ വേഗത്തില്‍ ഓടും. എല്ലാ ആത്മാക്കള്‍ക്കും ഒരേ സ്റ്റാമിനയാണ്. സ്വര്‍ഗത്തില്‍ ഫുട്ബോള്‍ മത്സരം നടന്നതായി കേട്ടിട്ടുണ്ടോ? ഒരിക്കല്‍ അങ്ങനെ ഒരു ശ്രമം നടന്നതാണത്രെ. ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്തായിരുന്നു അത്.
    

    ദൈവത്തിന് ഒരു ഫുട്ബോള്‍ മത്സരം നടത്തണമെന്ന് ആഗ്രഹം. ടീമുകളെ റെഡിയാക്കുകയും ചെയ്തു. പക്ഷേ മത്സരം നടത്താന്‍ കഴിഞ്ഞില്ല. റഫറിയെ കിട്ടിയില്ല. റഫറിമാരെല്ലാം നരകത്തിലായിരുന്നു! സമയം പോകാന്‍ ഇത്തിരി റമ്മി കളിക്കാമെന്ന് വച്ചാല്‍ അതും സ്വര്‍ഗത്തില്‍ നടക്കില്ല. അപ്പോള്‍ ഒന്നാലോചിച്ച് നോക്ക്. സ്വര്‍ഗത്തിലും ദിവസത്തില്‍ 24 മണിക്കൂറാണെന്ന് കരുതുക. പത്തു മണിക്കൂര്‍ ഉറങ്ങാം. ബാക്കി 14 മണിക്കൂര്‍ എന്തു ചെയ്യും? ആത്മാക്കളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ബോറടി ബാധകമാണല്ലൊ. ഈ ബോറടിക്ക് ഒരന്ത്യമാവട്ടെ ഉണ്ടാവുകയുമില്ല. മരണത്തോടെ ഇതൊക്കെ തീരുമെന്ന് കരുതിയാല്‍ സ്വര്‍ഗത്തില്‍ മരണവുമുണ്ടാവില്ല. ഒരാള്‍ക്ക് രണ്ടു പ്രാവശ്യം മരിക്കാനാവില്ലല്ലോ! നരകത്തിലെ ത്രില്ലൊന്നും സ്വര്‍ഗത്തിലുണ്ടാവില്ല. അതുകൊണ്ട് ദൈവത്തിനും ബോറടിച്ചു. തല്‍ക്കാലത്തേക്ക് ഒരു ടൂറ് പോകാന്‍ ദൈവം തീരുമാനിച്ചു. എവിടെ പോകും?. കൊള്ളാവുന്ന ഒരു സ്ഥലം വേണമല്ലൊ! ഇത്തരം കാര്യങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാവുന്നത് പിശാചിനെത്തന്നെയാണെന്ന് ദൈവത്തിനറിയാം. ദൈവം പിശാചിനൊരു മിസ് കോളയച്ചു. ദൈവത്തിന്റെ കൈയില്‍ കാല്‍ക്കാശില്ലല്ലോ. പിശാച് ഉടന്‍ തിരിച്ചു വിളിച്ചു. ദൈവത്തിനൊരു പ്രശ്നമുണ്ടായാല്‍ താനെ ഉണ്ടാവു എന്ന് പിശാചിനറിയാം. ദൈവത്തിന്റെ പ്രശസ്തിക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ പിശാച് എന്നും തയ്യാറാണ്. '..അങ്ങ് വിളിച്ചോ..?' 'വിളിച്ചു' 'എന്താവോ..?'
    

    'നിന്റെ ഒരു ഉപദേശം വേണം. അതുകൊണ്ട് നീ വിജയിച്ചെന്ന് അഹങ്കരിക്കരുത്.' ' ഒരിക്കലുമില്ല. മാത്രമല്ല, അങ്ങയുടെ മുന്നില്‍ എനിക്ക് ജയിക്കുകയും വേണ്ട. ജനങ്ങളാണ് എന്റെ ശക്തി' ' എനിക്ക് ഒരു യാത്ര പോകണം. കുറച്ച് സുരക്ഷിതമായ സ്ഥലം ഏതാണ്?. നിന്റെ ആളുകള്‍ സജീവമല്ലാത്ത സ്ഥലം ഏതാണിപ്പോള്‍ ?'
    

    'എന്റെ ആളുകള്‍ സജീവമല്ലാത്ത സ്ഥലം എവിടെയെങ്കിലുമുണ്ടോ അങ്ങുന്നേ? ചൊവ്വയിലേക്ക് പോകാം. വലിയ കുഴപ്പമില്ല.' 'അവിടെ കുടിവെള്ള പ്രശ്നമുണ്ടെന്ന് തോന്നുന്നു.' ' അതു ശരിയാണ്. കുറച്ചു വെള്ളം കൊണ്ടുപോയാല്‍ മതിയാകും.' ' ഓ! യാത്ര പോകുമ്പോ വലിയ ലഗേജൊക്കെയായി പോകുന്നത് ബുദ്ധിമുട്ടല്ലെ.' 'എങ്കില്‍ വ്യാഴം നല്ല സ്ഥലമാണ്. ഇപ്പോള്‍ സീസണുമാണ്.' 'അപ്പോള്‍ വലിയ തെരക്കുണ്ടാവില്ലെ?' 'തെരക്കുണ്ടാവും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളു.' 'ആള്‍ക്കൂട്ടത്തിലൊന്നും പോകാന്‍ വയ്യ.' 'നല്ല ഹോട്ടലൊക്കെ കിട്ടും. അതേര്‍പ്പാട് ചെയ്തു തരാം' ' കുറച്ച് ഏകാന്തതയുള്ള സ്ഥലം മതി' 'ചന്ദ്രന്‍ പോകാവുന്ന സ്ഥലമാണ്. ഇപ്പോള്‍ തണുപ്പിത്തിരി കൂടുതലാണെന്ന് മാത്രമേയുള്ളു. നല്ല കമ്പിളിപ്പുതപ്പെടുത്താല്‍ മതി' 'അവിടത്തെ റോഡൊക്കെ ഇപ്പോഴും മഹാമോശമാണെന്നാണല്ലൊ പറയുന്നത്. തന്റെ ആളുകള്‍ തന്നെയാണോ ഇപ്പോഴും കോണ്‍ട്രാക്റ്റര്‍മാര്‍ ?'

    
    'എന്റെ ആളല്ലാത്ത ഏതു കോണ്‍ട്രാക്റ്ററാണങ്ങുന്നേ ഉള്ളത്. സൂക്ഷിച്ച് നിന്നില്ലെങ്കില്‍ കര്‍ത്താവിനെ വരെ അവര്‍ കരാറാക്കിക്കളയും. റോഡ് ലേശം മോശമാണ്. എങ്കില്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടു ചെയ്യാം.' ' വേണ്ട.' 'ലാളിത്യം പോകുമെന്ന് കരുതീട്ടാണോ? ദൈവത്തെ ഇപ്പോള്‍ പഴയപോലെ ലാളിത്യത്തോടെ കാണാന്‍ ഭക്തന്മാര്‍ക്ക് പോലും താല്‍പ്പര്യമില്ല. അവരുടെ ദൈവവും അവരെപ്പോലെ ലേശം പോഷും ഗ്ലാമറസുമൊക്കെ ആകണമെന്നാണ് അവരുടെ ആഗ്രഹം. പറയാന്‍ അവര്‍ക്കുമൊരു അന്തസു വേണ്ടേ...ഒണക്കറൊട്ടീം പച്ചവെള്ളോം ഏത് തിരുമേനിക്ക് വേണം. ഇക്കാലത്തെ ലളിതജീവിതം ഫൈവ് കോഴ്സ് ഡിന്നറാണങ്ങുന്നേ. എവിടെയുണ്ടങ്ങുന്നേ മരക്കുരിശ്?. ആത്മാവില്‍ സ്വാശ്രയ കോളേജുള്ളവര്‍ ഭാഗ്യവാന്മാര്‍ .

    
    അവര്‍ ദൈവത്തെ കാണും എന്നല്ലെ അങ്ങുന്നേ ഇപ്പോഴത്തെ പ്രാര്‍ഥന.' 'എല്ലാം നീ വഷളാക്കി' 'ദൈവമേ എന്റെ പേരില്‍ ആരും ഒരു കോളേജും നടത്തുന്നില്ല.' 'തര്‍ക്കത്തിനില്ല. നീ ഒരു സ്ഥലം പറയ്...' 'അങ്ങനെയാണെങ്കില്‍ അങ്ങ് ഭൂമിയില്‍ തന്നെ വാ.' 'വേണോ..?' 'വലിയ കുഴപ്പമില്ല.' 'അവിടെ എവിടെപ്പോകാനാ?' 'ഭൂമിയില്‍ സ്വര്‍ഗം എന്നൊക്കെ ഇപ്പോഴും പറയുന്ന സ്ഥലമുണ്ട്. സസ്യശ്യാമളകോമളം എന്നൊക്കെ കേട്ടു കാണുമല്ലൊ,അല്ലെ?' ' ഓ..കേരളം...' '..അതു വേണ്ടേ..?' 'വേണ്ട..' 'എന്താ..?' 'അവിടെ ഇപ്പോഴും എന്റെ അവസാനത്തെ അത്താഴം കഴിഞ്ഞിട്ടില്ല.' പിശാച് ചിരിച്ചു. ദൈവം തടര്‍ന്നു. ' എന്നെ ഒറ്റിയത് എന്റെ ശത്രുക്കളല്ല. എന്റെ ശിഷ്യന്‍ തന്നെയാണ്.' പിന്നെ ദൈവവും ചിരിച്ചു. ഫോണ്‍ കട്ടായി.

എം. എം. പൗലോസ്